സൈബര്‍ഡോം: സന്നദ്ധ സേവനത്തിന് താത്പര്യമുള്ളവരെ പോലീസ് ക്ഷണിക്കുന്നു

തിരുവനന്തപുരം: കേരളാ പോലീസിന്റെ സൈബര്‍ഡോം സംവിധാനത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനായി സന്നദ്ധ സേവനം നടത്താന്‍ താത്പര്യമുള്ള വിദഗ്ദ്ധരെ പോലീസ് ക്ഷണിക്കുന്നു. ഐ.ടി. രംഗത്തെ വിദഗ്ദ്ധരായ വ്യക്തികളുടെ സേവനം തേടുന്നതിനൊപ്പം തന്നെ ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ള കമ്പനികളുടെ സേവനവും പോലീസ് തേടുന്നുണ്ട്. സൈബര്‍ കുറ്റകൃത്യങ്ങളിലുണ്ടായ വര്‍ധനയും ആധുനിക സങ്കേതങ്ങളുടെ ഉപയോഗവും കണക്കിലെടുത്താണ് ഈ രംഗത്തെ വിദഗ്ദ്ധരുടെ സേവനം പോലീസ് തേടുന്നത്.

ടെക്‌നോപാര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സൈബര്‍ഡോമിന്റെ ഓണ്‍ലൈന്‍ ഓഫീസ് സംവിധാനത്തിലായിരിക്കും ഇത്തരത്തില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രവര്‍ത്തിക്കേണ്ടി വരിക. സൈബര്‍ സുരക്ഷയിലും സൈബര്‍ കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിലും പോലീസിനെ സഹായിക്കാനാകുന്ന സൈബര്‍ സുരക്ഷാ വിദഗ്ദ്ധര്‍, എത്തിക്കല്‍ ഹാക്കര്‍മാര്‍, സൈബര്‍ പ്രൊഫഷണലുകള്‍ എന്നിവരുടെ സേവനമാണ് പോലീസ് തേടുന്നത്.

തിരഞ്ഞെടുക്കപ്പെടുന്നവര്‍ പോലീസിന് നല്‍കുന്ന സേവനങ്ങളുടെ അടിസ്ഥാനത്തില്‍ അവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകളും റാങ്കുകളും നല്‍കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി പ്രവര്‍ത്തിക്കണം. ഇപ്പോഴൊ ഭാവിയിലൊ മറ്റ് വേതനങ്ങളൊന്നും ലഭിക്കില്ല.

വ്യക്തികള്‍ക്കൊപ്പം തന്നെ, പോലീസിന്റെ അന്വേഷണത്തെ സഹായിക്കുന്ന തരത്തിലുള്ള സോഫ്‌റ്റ്വെയറുകള്‍ വികസിപ്പിക്കാന്‍ കമ്പനികളെയും ക്ഷണിച്ചിട്ടുണ്ട്. പോലീസുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് സൈബര്‍ഡോമിന്റെ ഭാഗമായി വികസിപ്പിക്കുന്ന സോഫ്‌റ്റ്വെയറുകള്‍ക്ക് പ്രത്യേകം പ്രതിഫലം നല്‍കില്ല.

അതേസമയം ഇത്തരത്തില്‍ വികസിപ്പിക്കുന്ന സോഫ്‌റ്റ്വെയറുകള്‍ മറ്റ് സംസ്ഥാനങ്ങളിലെ പോലീസ് വകുപ്പുകള്‍ക്കൊ രാജ്യത്തിന് പുറത്തുള്ളവയ്‌ക്കൊ വില്പന നടത്താനുമാകും.

സൈബര്‍ വിദഗ്ദ്ധരെ പ്രധാനമായും മൂന്ന് തലങ്ങളിലാകും സൈബര്‍ഡോമുമായി സഹകരിപ്പിക്കുക. മികച്ച വിദഗ്ദ്ധരെ ഏറ്റവും ഉയര്‍ന്ന തലത്തിലും അതിന് താഴെയുള്ളവരെ സൈബര്‍ കേസുകളുടെ അന്വേഷണവുമായിട്ടുമൊക്കെ സഹകരിപ്പിക്കും. കൂടാതെ സൈബര്‍ കേസുകളുടെ അന്വേഷണത്തിനും മറ്റുമുള്ള പൊതുസഹായത്തിനാകും മൂന്നാമത്തെ തലത്തിലെ വിദഗ്ദ്ധരുടെ സേവനം പോലീസ് തേടുക.
താത്പര്യമുള്ള വ്യക്തികള്‍ തങ്ങളുടെ ബയോഡാറ്റയും ഏത് രംഗത്താണ് വൈദഗ്ദ്ധ്യം ഉള്ളതെന്നും സൈബര്‍ഡോമിന് എന്ത് സഹായമാണ് നല്‍കാനാവുക എന്നതും കാട്ടി cyberdome2015@gmail.com എന്ന വിലാസത്തില്‍ അപേക്ഷകള്‍ സമര്‍പ്പിക്കണം. വിശദമായ പരിശോധനകള്‍ക്ക് ശേഷമാകും വ്യക്തികളെയും കമ്പനികളെയും സൈബര്‍ഡോമുമായി സഹകരിപ്പിക്കുകയെന്ന് ഐ.ജി. മനോജ് എബ്രഹാം വ്യക്തമാക്കി.

No comments:

Post a Comment

Note: Only a member of this blog may post a comment.