സര്‍ട്ടിഫിക്കറ്റുകള്‍ ഇനി ഡിജിറ്റല്‍ ലോക്കറിലേക്കും


ഇ-ഡിസ്ട്രിക്ട് പദ്ധതിവഴി ഓണ്‍ലൈനായി കിട്ടുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഇനി ഡിജിറ്റല്‍ ലോക്കറിലേക്കും. അപേക്ഷാ സമയത്തുതന്നെ ആധാര്‍ നമ്പര്‍കൂടി നല്‍കിയാല്‍ പേപ്പര്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിനൊപ്പം അവയുടെ ഡിജിറ്റല്‍ പതിപ്പ് ഡിജിറ്റല്‍ ലോക്കറിലേക്കും പോകും.

ഉടമയ്ക്ക് ഏതുസമയത്തും ലോക്കറില്‍നിന്ന് അത് ഡൗണ്‍ലോഡ്‌ചെയ്ത് ഉപയോഗിക്കാനുമാകും. ഭാവിയില്‍ ജോലിക്കും മറ്റും അപേക്ഷിക്കുമ്പോള്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകൂടി വെക്കുന്നതിന് പകരം ആധാര്‍ നമ്പര്‍ മാത്രം നല്‍കിയാല്‍ സ്ഥാപനങ്ങള്‍ക്ക് ഡിജിറ്റല്‍ രൂപത്തില്‍തന്നെ അവ പരിശോധിക്കാനാകുന്ന സംവിധാനത്തിലേക്കുള്ള കാല്‍വെപ്പാണിത്.

രാജ്യത്തെ പൗരന്‍മാരുടെ ആധാര്‍ നമ്പറുമായി ബന്ധിപ്പിച്ചിരിക്കുന്ന ഒണ്‍ലൈന്‍ പ്രമാണസംഭരണ സംവിധാനമാണ് ഡിജിറ്റല്‍ ലോക്കര്‍. ആധാര്‍ നമ്പറുള്ള ആര്‍ക്കും അവരുടെ വോട്ടര്‍ ഐ.ഡി., പാന്‍കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയവ ഡിജിറ്റലായിതന്നെ ഇതില്‍ സൂക്ഷിക്കാം.

ഒറ്റത്തവണ പാസ്സ്വേഡ് പോലുള്ള തികച്ചും സുരക്ഷിതമായ സംവിധാനത്തിലൂടെ നാം നല്‍കുന്ന ലിങ്കും അനുമതിയും ഉപയോഗിച്ച് അവ എവിടെനിന്നും ആര്‍ക്കും പരിശോധിക്കാനുമാകും. അതുകൊണ്ടുതന്നെ സര്‍ട്ടിഫിക്കറ്റുകളും മറ്റും പരിശോധിക്കുന്നതിന് അവ നേരിട്ട് ഹാജരാക്കേണ്ടിവരില്ല.

ആധാര്‍ നമ്പര്‍മാത്രം നല്‍കിയാല്‍ മതിയാകും. ഒരോ ആവശ്യത്തിനും ഒന്നിലേറെ തവണ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സമര്‍പ്പിക്കുന്നത് ഒഴിവാക്കാനാകും. അതുപോലെ സ്ഥാപനങ്ങള്‍ക്കും മറ്റും ഉദ്യോഗാര്‍ഥിയുടെയോ അപേക്ഷകന്റെയോ ഡോക്യുമെന്റുകള്‍ സൂക്ഷിച്ച് വയ്‌ക്കേണ്ടിയുംവരില്ല. പരിശോധിക്കേണ്ട സമയത്ത് അവ യൂണിഫോം റിസോഴ്‌സ് ഇന്‍ഡിക്കേറ്റര്‍ ഉപയോഗിച്ച് ഓണ്‍ലൈനായി പരിശോധിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിയുകയും ചെയ്യും.

നിലവില്‍ ഒരോ ആള്‍ക്കും 10 എം.ബി. സ്ഥലമാണ് ഡോക്യുമെന്റുകള്‍ സൂക്ഷിക്കുന്നതിനായി ലഭ്യമാക്കുക. പിന്നീടത് 10 ജി.ബി.വരെയാക്കി വര്‍ധിപ്പിക്കും.

സംസ്ഥാനത്ത് ഇ-ഡിസ്ട്രിക്ട് സംവിധാനം ആരംഭിച്ചിട്ട് ഇതേവരെ 1.2 കോടി സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനായി നല്‍കിക്കഴിഞ്ഞു. ഇതിനായി ലഭിച്ച അപേക്ഷകളില്‍ എട്ടുലക്ഷത്തോളം എണ്ണത്തില്‍ ആധാര്‍ നമ്പര്‍ ഉള്‍പ്പെട്ടിരുന്നതിനാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിറ്റല്‍ ലോക്കറിലേക്കും എത്തിക്കഴിഞ്ഞു. പുതുതായി ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ലോക്കറില്‍ ലഭ്യമാക്കുന്നതിന് പുറമേ നമ്മുടെ നിലവിലുള്ള സര്‍ട്ടിഫിക്കറ്റുകളും ലോക്കറില്‍ സൂക്ഷിക്കാം. www.digitallocker. gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ആധാര്‍ നമ്പറുള്ള ആര്‍ക്കും ലോക്കര്‍ ഉപയോഗിക്കാനുമാകും.

അപ്ന സി എസ് സി യിലൂടെ ഇതു നടത്താവുന്നതാണ്.
ഓരോരുത്തര്ക്കും ഡിജിറ്റല്‍യൂസര്‍ ഐഡിയും പാസ്സ് വേര്‍ഡും ലഭ്യമാക്കുന്ന സേവനം അക്ഷയയിലൂടെ നടത്തുക

No comments:

Post a Comment

Note: Only a member of this blog may post a comment.