വസ്തു കൈമാറ്റ രജിസ്ട്രേഷൻ നടപടികൾ

വസ്തു കൈമാറ്റ രജിസ്ട്രേഷൻ നടപടികൾ കോഴിക്കോടും വയനാടുമൊഴികെയുള്ള ജില്ലകളിൽ ജനുവരി ഒന്നു മുതൽ ഓൺലൈൻ സംവിധാനത്തിലാക്കുന്നു. ജീവനക്കാരുടെ പരിശീലനം പൂർത്തിയാകാത്തതു കൊണ്ടാണ് ഈ രണ്ടു ജില്ലകളും തത്കാലം ഒഴിവാക്കിയത്. മാർച്ചോടെ അവിടെയും ഓൺലൈനാകും. ആധാരം നടത്തിപ്പിനായി സബ് രജിസ്ട്രാർ ഓഫീസുകളിലെ കാത്തുകെട്ടിക്കിടപ്പ് ഒഴിവാക്കുക, കൈമടക്ക് ഇല്ലാതാക്കുക എന്നിവയാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

രജിസ്ട്രേഷൻ, ബാദ്ധ്യതാ സർട്ടിഫിക്കറ്റ്, ആധാരങ്ങളുടെ പകർപ്പെടുക്കൽ എന്നിവയ്ക്കാണ് ആദ്യഘട്ടത്തിൽ ഓൺലൈൻ സേവനം ലഭിക്കുക. സംസ്ഥാനത്തെ 314 സബ് രജിസ്ട്രാർ ഓഫീസുകളും കമ്പ്യൂട്ടർ ശൃംഖല വഴി തിരുവനന്തപുരത്തുള്ള ഡാറ്റാ സെന്ററുമായി ബന്ധപ്പെടുത്തിയാണ് സേവനങ്ങൾ നൽകുന്നത്. ഏതു സബ് രജിസ്ട്രാർ ഓഫീസിൽ നടക്കുന്ന വസ്തുകൈമാറ്റവും പ്രധാന കേന്ദ്രത്തിൽ അപ്പപ്പോൾ അറിയും.
പട്ടം സബ് രജിസ്ട്രാർ ഓഫീസിൽ പരീക്ഷണാടിസ്ഥാനത്തിൽ ഓൺലൈൻ രജിസ്ട്രേഷൻ നടപ്പാക്കിയിരുന്നു. പിന്നീട് തിരുവനന്തപുരം ജില്ലയിലെ 12 സബ് രജിസ്ട്രാർ ഓഫീസുകളിൽ കൂടി ഏർപ്പെടുത്തി. നാഷണൽ ഇൻഫർമാറ്റിക് സെന്റർ, സ്റ്റേറ്റ് ഐ.ടി മിഷൻ, കെൽട്രോൺ എന്നീ സ്ഥാപനങ്ങളാണ് സാങ്കേതിക സഹായം നൽകുന്നത്.

ജനങ്ങൾക്കു കിട്ടുന്ന സേവനങ്ങൾ
 തയ്യാറാക്കുന്ന ആധാരം സംബന്ധിച്ച വിവരങ്ങൾ ഓൺലൈനായി നൽകിയാൽ രജിസ്‌ട്രേഷന് ഹാജരാവേണ്ട സ്ഥലവും സമയവും മുൻകൂട്ടി അറിയാനാകും. ഒപ്പം ടോക്കണും ലഭിക്കും. (സേവനങ്ങൾ ലഭിക്കുന്ന വെബ്സൈറ്റ്: keralaregistration.gov.in)

 രജിസ്ട്രേഷൻ കഴിഞ്ഞാൽ അന്നു തന്നെ പ്രമാണം കിട്ടാൻ സൗകര്യം. വസ്തുവുമായി ബന്ധപ്പെട്ട് തുടർന്ന് എന്ത് നടപടികളുണ്ടായാലും മൊബൈൽ നമ്പരിലേക്ക് സന്ദേശം വരും.

 30 വർഷം വരെയുള്ള ബാദ്ധ്യതാ സർട്ടിഫിക്കറ്റുകൾ അപേക്ഷ നൽകി രണ്ടു ദിവസത്തിനുള്ളിൽ ലഭിക്കും.260 രൂപ ഫീസ് നൽകണം. 30 വർഷത്തിലധികമുള്ള ഓരോ വർഷത്തിനും 25 രൂപ വീതം അധികം നൽകണം.

No comments:

Post a Comment

Note: Only a member of this blog may post a comment.